Sunday, March 13, 2011

വിദ്യ



 ഒരുപാട് നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ എന്ത് എഴുതി തുടങ്ങണം എന്നായിരുന്നു എന്റെ ചിന്ത. കഥയും ജീവിതവും തമ്മില്‍ വേര്‍തിരിക്കാനാവാതെ എന്റെ മനസ്സിലുള്ള പലതും പങ്കുവെക്കാന്‍ ഞാന്‍ തെരഞ്ഞെടുത്ത ഈ ബ്ലോഗില്‍ ഞാന്‍ എന്തെഴുതി തുടങ്ങും. അങ്ങനെയിരിക്കെയാണ് വിദ്യ എന്റെ മനസ്സിലേക്ക് കയറി വന്നത്. ആ പേര് അങ്ങനെ തന്നെ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്ങിലും പ്രശ്നം ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും അത്  ഞാന്‍ ഉപയോഗിക്കുന്നു. 

 വിദ്യയെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. പക്ഷെ വിദ്യയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എന്റെ കണ്ണുകള്‍  നിറയും. എന്റെ ചേച്ചിയും വിദ്യയുടെ ചേച്ചിയും സഹപാഠികളും സുഹൃത്തുക്കളും ആയിരുന്നു. പക്ഷെ വിദ്യ പഠിച്ചിരുന്നത് മറ്റൊരു സ്കൂളില്‍ ആയിരുന്നു. അതിനാല്‍ വിദ്യയെ ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ അവരുടെ അമ്മയെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ അവര്‍ പറഞ്ഞിരുന്നു, എന്നെയും ചേച്ചിയെയും പോലെയാണ് അവരും എന്ന്. 
സ്കൂള്‍, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു അവരെ ഞാന്‍ കണ്ടിട്ടില്ല. ഹോസ്റ്റലില്‍ നിന്ന് വല്ലപ്പോഴും  വരുമ്പോള്‍ അമ്മ വിശേഷങ്ങള്‍ പറയും. അങ്ങനെ അവരുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു എന്നറിഞ്ഞിരുന്നു. എന്റെ അച്ഛന്റെ സുഹൃത്താണ് അവരുടെ അച്ഛന്‍. വിദേശത്ത് ജോലിയുള്ള അദ്ദേഹം നാട്ടില്‍ വരുമ്പോഴെല്ലാം അച്ഛന് എന്തെങ്കിലും കൊണ്ട് വരികയും പതിവാണ്. 

ഒരു ദിവസം വീട്ടിലെത്തിയ എന്നോട്  അമ്മ പറഞ്ഞു, വിദ്യ മരിച്ചു പോയി എന്ന്. ഇരട്ടകളായ രണ്ടു പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി ദിവസങ്ങള്‍ക്കു ശേഷം അവള്‍ മരിച്ചു. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്ഥയെക്കുറിച്ച്  പലരും കുറ്റപ്പെടുത്തി. അപ്പോഴെല്ലാം ഇരട്ടക്കുട്ടികളെ ജീവനായ ഒരമ്മ എന്റെ മനസ്സില്‍ കരഞ്ഞു കൊണ്ടിരുന്നു. മകളുടെ വിവാഹത്തിന് പങ്കെടുക്കുവാന്‍ ആ അച്ഛന് കഴിഞ്ഞിരുന്നില്ല. അച്ഛനും ഭര്‍ത്താവും നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം നടന്നത് എന്നുള്ള കഥകള്‍ അമ്മ വിവരിച്ചു കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. അമ്മയില്ലാത്ത ആ രണ്ടു പെണ്‍കുട്ടികള്‍ പലപ്പോഴും എന്റെ മനസ്സില്‍ കടന്നുവരാറുണ്ട്. മോളുടെ പ്രസവത്തിനായി നാട്ടില്‍ താമസിക്കുന്ന സമയം.  ഒരിക്കല്‍ വിദ്യയുടെ  അച്ഛന്‍ വീട്ടില്‍  വന്നു. പല വിശേഷങ്ങളും പറയുന്ന കൂട്ടത്തില്‍ ആ മകളെക്കുരിച്ചും അദ്ദേഹം പറഞ്ഞു. ആ കുട്ടികള്‍ക്ക് ഇപ്പോള്‍ ഏഴു വയസ്സായി. അച്ഛമ്മയേയും അച്ഛച്ചനെയും അമ്മ, അച്ഛന്‍ എന്ന് വിളിക്കുന്നുന്ടെങ്ങിലും അവര്‍ക്കറിയാം അവരുടെ അമ്മ മരിച്ചു പോയെന്നും വല്ലപ്പോഴും വിദേശത്ത് നിന്ന് നാട്ടില്‍ വരുന്ന ആളാണ് അവരുടെ അച്ഛനെന്നും. വിദ്യ മരിച്ചു പോയെന്നു തോന്നില്ല. അവള്‍ രണ്ടു പേരായി പുനര്‍ജനിച്ച പോലെ. ഒരാള്‍ രണ്ടു പേരായി നില്‍ക്കുന്ന പോലെ. എന്നെല്ലാം അദ്ദേഹം പറഞ്ഞു. കണ്ടു കൊതി തീരും മുന്‍പേ കണ്മുന്നില്‍ നിന്നകന്നു പോയ മകളെക്കുറിച്ച് അദ്ദേഹം ഒരു പാട്ട്  പാടിയിരുന്നു. കുറേക്കാലം ആ ഗാനം മനസ്സിലുണ്ട്ടായിരുന്നു. പിന്നീട് സ്വന്തം ജീവിതത്തിന്റെ തിരക്കുകളിലെവിടെയോ അത് മനസ്സില്‍ നിന്ന് നഷ്ടമായി. അല്ലെങ്കിലും അതു എന്റെ മനസ്സില്‍ സൂക്ഷിക്കനുള്ളതല്ലല്ലോ. അത് ഒരു അച്ഛന്റെ സ്വകാര്യ ദുഖമാണ്. എങ്കിലും ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരീ നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എന്റെ കണ്ണ് നിറയുന്നതെന്തേ?
     

2 comments: